2010, ഡിസംബർ 10, വെള്ളിയാഴ്‌ച

ഒരു ജന്മത്തിനായി ... (2)

മണല്‍നിറഞ്ഞു നീണ്ടു കിടക്കുന്ന കടലോരം ..മണല്‍പരപ്പില്‍ തന്റെ വണ്ടിക്കു പുറത്ത്  ആദി ആരെയോ കാത്തിരിക്കുന്നു . ചുണ്ടില്‍ കത്തിച്ചു വെച്ച സിഗരറ്റ് കുറ്റി  അവന്‍ ശക്തമായി വലിക്കുന്നുണ്ട്.
പിറകില്‍ നിന്നാരോ വിളിച്ചു .
"മിസ്റ്റര്‍ ആദി നാഥന്‍ .."
"ഹാ ..ഹലോ ജഗന്‍ .."
അല്‍പ്പം കാത്തിരിക്കേണ്ടി വന്നു അല്ലെ ..?"
"ഹേയ്‌ ..ഞാനിപ്പം വന്നതേയുള്ളൂ .."
മദ്ധ്യവയസ്കനായ ജഗന്‍.  ആദി അയാളെ  കാറിനുള്ളിലേക്ക്  ക്ഷണിച്ചു  കൊണ്ട്  ഡോര്‍  തുറന്നു    . ചുറ്റും ഒന്ന് കണ്ണോടിച്ചു അവര്‍ കയറിയിരുന്നു ..
"ജഗന്‍ നിങ്ങളുടെ ഭാര്യ വന്നില്ലേ ..?" 
 മുന്‍സീറ്റില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ  കുഞ്ഞിനെ ആദി പിന്‍ സീറ്റിലിരിക്കുന്ന  അയാള്‍ക്ക്‌ നേരെ നീട്ടി,
"ഭാര്യക്ക് നല്ല സുഖമില്ല നീണ്ട യാത്രാ ക്ഷീണം .."
ഇരു കയ്യും നീട്ടി അയാള്‍ കുഞ്ഞിനെ വാങ്ങി മടിയില്‍ വെച്ചു
"എന്‍റെ വൈഫ് എത്ര കൊതിച്ചതാ ഒരു കുഞ്ഞിനു വേണ്ടി അവസാനം ഇങ്ങനെ ഒരു ഗതി” 
"ജഗന്‍ ..നിങ്ങള്‍ എന്നാണു മടങ്ങുന്നത്? "
"തീരുമാനിച്ചിട്ടില്ല  .ഞാന്‍ മുംബൈ യില്‍ നിന്നും നേരെ നിങ്ങളുടെ അടുത്തേക്കാ വരുന്നത് ഭാര്യ ടൌണില്‍ ഹോട്ടലില്‍ ഉണ്ട്   ..തറവാട്ടില്‍ പോയിട്ടില്ല ..  പോണം..അടുത്തതെന്ന് പറയാന്‍ എനിക്കവിടെ ഇന്ന് ആരുമില്ല ..ഇന്നുള്ളത് എന്‍റെ സമ്പത്തിനെ ഇഷ്ടപ്പെടുന്നവരാണ്...വര്‍ഷങ്ങളായി തമ്മില്‍ കണ്ടിട്ട് ..ആയ കാലത്ത് എനിക്ക് ദുഃഖം മാത്രം സമ്മാനിച്ചവരാണവര്‍.. ഇന്നും എന്‍റെ പതനം ആഗ്രഹിക്കുന്നവര്‍ ..എനിക്കൊരു കുഞ്ഞില്ലെന്നവര്‍ അറിയുമ്പോള്‍ ..അങ്ങനെയൊരു ആശ്വാസം അവര്ക്കു വേണ്ട ..അതിനാ  ഞാനീ .."
പരുക്കന്‍ കവിളിലെക്കിറങ്ങിയ കണ്ണീര്‍ തുടച്ചു കൊണ്ടയാള്‍ പറഞ്ഞു 
"ജഗന്‍ ..എല്ലാം എനിക്കറിയാം ഡോക്ടര്‍ ജൈംസ് എന്നോട് പറഞ്ഞിരുന്നു "
"ഹാ..ജൈംസ് എന്‍റെ നല്ല കൂട്ടുകാരനാ അവനാണല്ലോ എനിക്ക് ആദിയെ പരിജയപ്പെടുത്തി തന്നത് "
"ഏതായാലും നിങ്ങള്‍ മുംബൈക്ക് തിരിച്ചു പോവുന്ന ഡേറ്റ് അറിയിക്കണം "
"തീര്‍ച്ചയായും ..പിന്നെ കുഞ്ഞിനെ ആദിയെ തന്നെ എല്പ്പിക്കണ്ടേ ?"
അയാള്‍ പണം ആദിക്ക് നേരെ നീട്ടി മുന്‍ ഗ്ലാസ്സിനുള്ളിലൂടെ പുറത്തെ അന്തരീക്ഷം നിരീക്ഷിച്ചു കൊണ്ടവന്‍ പണം വാങ്ങി ,ഒരു കൈ കൊണ്ട് കുഞ്ഞിനെ മാറോട് ചേര്‍ത്ത് ജഗന്‍ പുറത്തിറങ്ങി ..
"ജഗന്‍ തിരിച്ചു പോവുന്ന ഡേറ്റ് മുന്‍കൂട്ടി അറിയിക്കാന്‍ മറക്കരുത് എനിക്ക് വേറെ  കസ്റ്റമറെ  നോക്കേണ്ടതുണ്ട് "
"തീര്‍ച്ചയായും ഞാനറിയിക്കാം "
അയാള്‍ കുഞ്ഞിനേയും കൊണ്ട് വേഗത്തില്‍ നടന്നു ,ജഗന്‍ പോയി മറയും വരെ ആദി സ്റ്റിയറിങ്ങില്‍ പിടിച്ചു വണ്ടിക്കുള്ളില്‍ തന്നെ ഇരുന്നു
പുറത്ത് വെള്ളി നിറത്തില്‍ വലിയ കടല്‍  തുടരുന്ന കരയുമായുള്ള സ്നേഹ ചുംബനം  , മേലെ തങ്കമേഘങ്ങള്ക്കുള്ളിലൂടെ ഊളിയിട്ടോടുന്ന കടല്‍ കാക്കള്‍ , ദൂരെ പുഴു കണക്കെ പതിയെ നീങ്ങുന്ന ബോട്ടുകള്‍ അവയുടെയും കുഞ്ഞുങ്ങള്‍ വഞ്ചികള്‍ ..ചുവപ്പിലേക്കടുക്കുന്ന ചക്ക്രവാളം..ആദി പുറത്തിറങ്ങി നനവ് കൂടുന്ന മണല്‍ പരപ്പിലൂടെ നടന്നു തീരത്തോടിക്കളിക്കുന്ന കുട്ടികള്‍ അമ്മയുടെ തോളില്‍ കിടന്നു കടല്‍ കാഴ്ച  കാണുന്ന  പൈതലുകള്‍  . എല്ലാം നിറമേകുന്ന ഓര്‍മകളെന്ന  പോലെ ആദി ദൂരെ ആ സംഗമത്തിലക്കങ്ങനെ  നോക്കിനിന്നു ..
          ഡോക്ടര്‍  ജൈംസിന്റെ പരിശോധനാ മുറിക്കു മുന്നില്‍ നല്ല തിരക്കാണ് ,മൂകത നിറഞ്ഞ വലിയ ആള്‍ കൂട്ടം ...അകത്ത് ജൈംസിന്റെ മേശക്കു മുന്നില്‍ മ്ലാനതയില്‍ രണ്ടു മുഖങ്ങള്‍ .. 
വലിയ ചിന്തയില്‍ നിന്നുണര്‍ന്നു   ആനന്ദ് പറഞ്ഞു
"ഡോക്ടര്‍ ..ഞാന്‍ പറഞ്ഞല്ലോ ..എനിക്കൊരു കുഞ്ഞിനെ വേണം ..!"
ഡോക്ടര്‍ ജൈംസ് അയാളോടെന്നപോലെ പറഞ്ഞു. 
"എനിക്ക് ചെയ്യാന്‍ കുറച്ചേ ഉള്ളൂ ..ബാക്കി.."
മേശപ്പുറത്ത് നിരത്തിവെച്ച കട്ടികൂടിയ പുസ്തകങ്ങള് ‍അയാള്‍ ‍വെറുതെമറിച്ച്കൊണ്ടിരുന്നു കണ്ണുകളില്‍നിരാശയുടെ ഭാവമാറ്റംവന്നു  . ആനന്ദിന്റെ ഭാര്യ അനുപമ ഗ്ലാസ്സിട്ടമേശയുടെ പ്രതലത്തില്‍ തലയമര്‍ത്തിക്കിടക്കുകയാണ്.
"അനുപമ ..പ്ലീസ്‌. പേഷ്യന്റ്സ്  ഒരുപാടുണ്ട് ..പുറത്തു നല്ല തിരക്കാണ്"
അനുപമ തലയുയര്‍ത്തി.
"ഞങ്ങളുടെ വിവാഹം കഴിഞ്ഞു അഞ്ചു വര്‍ഷമായി ഞങ്ങളെത്ര കാത്തിരുന്നു.."
"ശരിയാണ് ..ഞാനെന്തു ചെയ്യാനാ ..പ്ലീസ് . ലിവ് മീ എലോണ്‍ .."
"നിങ്ങള്‍ ഇത്ര നിസ്സഹായാണോ..?"
"ആവേണ്ടി വരുന്നു. ഇത് വിധി അല്ലെങ്കില്‍ ദൈവം ...  അങ്ങനെ പറയാം ..അല്ലാതെ ഞാന്‍ ...സത്യത്തില്‍ നിങ്ങള്‍ മറ്റൊരു മാര്‍ഗം തെടേണ്ടതുണ്ട് ..
ദേഷ്യപ്പെട്ടുകൊണ്ട് അനുപമ എണീറ്റു..
"നിങ്ങള്‍ പറഞ്ഞു വരുന്നത് എനിക്കൊരിക്കലും അമ്മയാവാന്‍ കഴിയില്ല എന്നല്ലേ .."
ജൈംസ് എന്തൊക്കെയോ പറയാന്‍ തുനിഞ്ഞു .
"വായടക്കൂ ജൈംസ് .."
അവള്‍ ബാഗെടുത്തു ചുണ്ടുകളിലും കണ്ണിന്റെ ഈര്പ്പതിലും ദേഷ്യം നിറഞ്ഞു വാതില്‍ക്കലെത്തി തിരിഞ്ഞു നോക്കി ആനന്ദിനെ വിളിച്ചു.
"വരുന്നുണ്ടോ നിങ്ങള്‍ ..."
ജൈംസിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി വാതില്‍ ശക്തിയോടെ അടച്ചു അവര്‍ പുറത്തിറങ്ങി.പുറത്തു നല്ല വെയില്‍ ..വേഗത്തില്‍ അവര്‍ കാറില്‍ കയറി ..കാറിലിരിക്കുമ്പോഴും ആനന്ദ് ഡോക്ടര്‍ ജൈംസിനെ വല്ലാതെ ചീത്ത പറയുന്നുണ്ട്
"വിഡ്ഢി.."
മുന്‍സീറ്റില്‍ അനുപമ ആനന്ദിന്റെ മുഖത്തേക്ക് നോക്കിയിരുന്നു .വീതി കുറഞ്ഞ റോഡിലൂടെ അയാള്‍ വണ്ടി ഓടിച്ചു . വിവാഹം കഴിഞ്ഞു  അഞ്ചാമത്തെ  വര്‍ഷമാണിത് അന്ന് എത്ര സ്വപ്‌നങ്ങള്‍ കണ്ടിരുന്നു , അമ്മയുടെ ഒറ്റ മകനായ ആനന്ദ്.അങ്ങനെ തന്നെയുള്ള ചെറിയ ഫാമിലിയില്‍ പെട്ട അനുപമ. ഒരു അറേഞ്ചഡ് മാര്യേജ് , ആനന്ദിനോടുള്ള  അനുപമയുടെ വലിയ ഉത്തരവാദിത്വം അയാളുടെ കുഞ്ഞിനു ജന്മം നല്‍കുക എന്നതായിരുന്നു . അമ്മക്കുള്ള മോഹമായിരുന്നു ആനന്ദിന്റെ കുഞ്ഞിനെ ലാളിച്ചും  കളിപ്പിച്ചും  കൊണ്ടുള്ള ഒരു ജീവിതം . ആ ആഗ്രഹം ബാക്കി വെച്ചാണ് അമ്മ മരണപ്പെട്ടത്. ആനന്ദിനായി ഇനി  ആരുമില്ല . അനുപമയുടെ സാനിധ്യം അയാള്‍ക്ക്‌ വലിയ സന്തോഷമാണ് നല്‍കിയിരുന്നത് .എങ്കിലും തന്റെ അമ്മയുടെ ബാക്കി നിന്ന ആഗ്രഹം..താനും എത്രമാത്രം കൊതിക്കുന്നുണ്ട് ..ഒരുകുഞ്ഞില്ലാതെ ഇനി മുന്നോട്ടുള്ള ജീവിതം ആലോചിക്കാന്‍ വയ്യ ..
അനുപമ.., അവള്‍ മനസ്സില്‍ കൈകൂപ്പിക്ഷമ ചോദിക്കുന്നുണ്ട് ..ചിന്തകള്‍ എപ്പോഴും ആനന്ദിന്റെ നല്ല ഹൃദയത്തെ കുറിച്ചാണ് . അവന്‍ എത്ര ആഗ്രഹിക്കുന്നുണ്ട്..പക്ഷെ.. അവള്‍ പിന്നെ കരഞ്ഞു തുടങ്ങും..ഒരമ്മ എന്ന സങ്കല്പം അത് മനസ്സിനെ ഏല്‍പ്പിച്ച വലിയ മുറിവാണ്..
വണ്ടിവീടിന്റെ ഉമ്മറത്തേക്ക് കയറ്റി നിര്‍ത്തി, ആനന്ദ് ‍വീടിനുള്ളിലേക്ക് കയറിപ്പോയി ,വരാന്തയില്‍ അക്ഷമയോടെ അനുപമയുടെ അമ്മ നില്‍പ്പുണ്ടായിരുന്നു. മുന്‍സീറ്റില്‍ ചാരി ഇരുന്ന്‌ അനുപമ ഇറങ്ങാന്‍ മടികാണിച്ച് അങ്ങനെ ഇരുന്നു . അമ്മ അടുത്തെത്തി പതുക്കെ വിളിച്ചു
"മോളെ.."
 അവള്‍ ദീര്‍ഘനിശ്വാസത്തോടെ ഇറങ്ങി കണ്ണുകള്‍ തുടച്ചു. ആശങ്കയോടെ അമ്മ ചോദിച്ചു .
"ജൈംസ് എന്ത് പറഞ്ഞു ,എനി ഹോപ്‌ .."
"ഹും..അയാള്‍ക്കൊന്നുമറിയില്ല ..യൂസ് ലെസ്സ് .."
അവള്‍ വല്ലാതെ ദേഷ്യപ്പെട്ടിരുന്നു.തലയും താഴ്ത്തി അവള്‍ വരാന്തയിലെ ചുമരില്‍ ചാരി നിന്നു.  അടുത്ത വന്നു അമ്മ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവളുടെ ഉള്ളില്‍ നിലക്കാത്ത കുറ്റ ബോധത്തിന്റെ തീക്കനല്‍ എരിയുന്നുണ്ടായിരുന്നു.
"ശാപം കിട്ടിയ ജന്മം..അമ്മ പറ ഞാനിനീ എന്ത് ചെയ്യും ..?"
അമ്മ അവളുടെ അരികെ വന്ന് പാറിക്കിടന്ന തലമുടിയില്‍ പതിയെ തലോടി..
"നീ അവന്റെ അടുത്തേക്ക് ചെല്ല് .."
അതി വേഗത്തില്‍ കറങ്ങുന്ന ഫാനിന്റെ ചുവട്ടില്‍ ആനന്ദ് വിയര്‍ത്തു കിടക്കുകയാണ് ,ഇരു വശങ്ങളിലേക്കും ഒഴുകുന്ന കണ്ണുനീര്‍  അയാള്‍ അറിയാത്തത് പോലെ തുടര്ന്നു.. ഇത്രയും നാളത്തെ ആഗ്രഹങ്ങള്‍ ..എല്ലാം ഒരുക്കു കൂട്ടി വെച്ച് കത്തിച്ച പോലെ . ആനന്ദ് ആരെക്കയോ പഴിക്കുന്നുണ്ടായിരുന്നു .സ്നേഹം മാത്രം നല്‍കി തനിക്കു മാത്രമായി ജീവിച്ച അമ്മ ..എന്‍റെ പാരമ്പര്യം എല്ലാം അന്യമാവുന്ന ഒരവസ്ഥയെ കുറിച്ചുള്ള ചിന്ത അയാളെ വല്ലാതെ അസ്വസ്തനാക്കുന്നുണ്ടായിരുന്നു. പരീക്ഷണങ്ങളൊന്നും ഏറ്റുവാങ്ങാതെയുള്ളജീവിതമായിരുന്നു . ഒരിക്കലും കഷ്ട്ടതയനുഭവിക്കാത്ത  ബാല്യം. കടപ്പാടില്ലാത്ത തുടര്‍ ജീവിതം അമ്മ പഠിപ്പിച്ചു കൊടുത്ത ജീവിത പാഠങ്ങള്‍ ..എല്ലാം അനുസരിച്ച് കൊണ്ടാണ് ജീവിച്ചത് ,എന്നിട്ടും ഇങ്ങനെയൊരു വിധി..
"ഈശ്വരാ .."
രാത്രി. പുറത്ത് നല്ല മഴ ..ഇരുട്ടിന്റെ മേല്‍ക്കൂരയില്‍ നിന്നും വരാന്തയിലെ മഞ്ഞ പ്രകാശത്തിലേക്ക് ഉറ്റി  വീഴുന്ന വെള്ളത്തിന്റെ നീണ്ടു മെലിഞ്ഞ പൊട്ടിപ്പോയ മാല പോലെ ..ശബ്ദ മാധുര്യം നല്‍കി അവ വീണ്ടും വീണ്ടും പെയ്തിറങ്ങുകയാണ് ..ഊടു വഴികളിലൂടെ ചാടി പോവുന്ന മഴവെള്ളത്തിന്റെ വലിയ സഘങ്ങള്‍ ..അവയില്‍ വഴി തെറ്റിയ ചപ്പു ചവറുകള്‍ ..ഇടയ്ക്കു ശരീരത്തെ ഇറുക്കുന്ന ചില്ല് കഷ്ണം പോല തണുത്ത കാറ്റ് ..കുളിരില്‍ വിറച്ച രാത്രി..വീടിന്റെ അകത്തേക്ക് മഴത്തുള്ളി കണങ്ങള്‍
ഉരുണ്ട്‌ പോവുന്നു.പുറത്തേക്കുള്ള കാഴ്ചയില്‍ മുഴുകി ചാരുപടിയില്‍ ആനന്ദ് ഇരിക്കുകയാണ് .
"മഴ കണ്ടിരിക്കുകയാണോ? ..കിടക്കാറായി.."
അനുപമ വാതില്‍ക്കല്‍ വന്ന് നിന്നു.
"അമ്മ ഉറങ്ങിയോ..?"
"ഉം.."
"നീ കണ്ടോ ഈ മഴ ..കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു ..പുതു മഴയാണെങ്കില്‍ കൊള്ളണമെന്ന്. അത് ഈശ്വരന്റെ അനുഗ്രഹമാണെന്ന് ..പിന്നീട് എല്ലാ മഴയത്തും ഞാന്‍ മുറ്റതായിരിക്കും..അമ്മയും വരും..ആ ചെളി വെള്ളത്തിലങ്ങനെ .."
അവള്‍ അടുത്ത് വന്ന് ആനന്ദിനെ മാറോട് ചേര്‍ത്ത് പിടിച്ചു.
"നിങ്ങളെന്നെ ..വെറുത്തിട്ടുണ്ടോ. ഒരിക്കലെങ്കിലും .."
"നിനക്കും എനിക്കും ദൈവം തന്നത് പാഴ് ജീവിതമായിരിക്കാം ..അത് നമ്മള്‍ രണ്ടു പേരും കൂടി പങ്കിടുക ..അല്ലാതെ നീ മാത്രം എന്ത് പിഴച്ചു ..?"
അയാളുടെ മാറിടത്തിലൂടെ കവിളമര്‍ത്തി അവള്‍ ആ നിറഞ്ഞ കണ്ണുകളിലേക്കു നോക്കി നിന്നു
                                                (തുടരും)...

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഒരു ജന്മത്തിനായി ...ആ യാത്രക്കിടയില്‍ ആദി  അവളോട്‌ പേര് ചോദിച്ചു.നിശബ്ദത കത്തി നിന്ന ആമുഖത്തുനിന്നും അവള്‍ പതുക്കെ പറഞ്ഞു തുടങ്ങി.
"എന്നെകുറിച്ചറിയാനൊന്നുമില്ല ആരായാലും .."
“എങ്കിലും നിനക്കൊരു പേരുണ്ടാവുമല്ലോ..?അതാ ഞാന്‍ ചോദിച്ചത് .."
മാറോടണക്കിപ്പിടിച്ച  തന്റെ  കുഞ്ഞിന്റെ  കൈവെള്ളയില്‍  അവള്‍ തടവിക്കൊണ്ടിരുന്നു 
തീവണ്ടിയുടെ പിറകിലോട്ടോടിപ്പോവുന്ന കാഠിന്യമേറിയ കാഴ്ചകള്‍...  റെയില്‍വേ ട്രാക്കിന്റെ വശങ്ങളില്‍  ജീവിക്കുന്ന 'മനുഷ്യര്‍'...അവളുടെ മുഖത്തെ അങ്കലാപ്പില്‍ ആ ജീവിതത്തിന്റെ വേദന ഉണ്ടായിരുന്നു . ആദിയുടെ  മുഖാമുഖമെന്നോണമാണ് അവള്‍ ഇരുന്നത് ..ഒരിക്കലും അവള്‍ അയാളുടെ  മുഖത്തേക്ക്നോക്കിയില്ല ..വെളുത്ത ഒരു സ്ത്രീ രൂപത്തിന്റെ കറുത്ത മുഖമായിരുന്നു അവള്‍ക്ക്‌.
"കുഞ്ഞിനു വല്ലതും കൊടുത്തിരുന്നോ..?
"ഉംഹും .."
അവളപ്പോഴും തനിക്കു ജീവതം തന്ന ആ നീണ്ട തെരുവിനെ കൈവിടാത്ത പോലെ ..
"നീ കുഞ്ഞിനു പേരിട്ടിട്ടുണ്ടോ..?"
"ഹാ ..നല്ല പേരാ ..!"  
അവള്‍ അല്‍പ്പം ചിരിക്കുന്നത് ആദി  കണ്ടു
"പറ... എന്താ പേര്..?"
"ജാനകി.." 
അവള്‍ സന്തോഷത്തോടെ പറഞ്ഞു . 
 അഴുക്കു പുരണ്ട അവളുടെ കൈകള്‍ കുഞ്ഞിന്റെ  നെറ്റിയില്‍ തടവിക്കൊണ്ടിരുന്നു പഴകിനാറുന്ന സാരിത്തലപ്പു കൊണ്ട് അവള്‍ കുഞ്ഞിന്റെ മുഖം തുടക്കുന്നുമുണ്ട്, ആദിക്ക്  അത് തടയണമെന്നുണ്ട്‌ പക്ഷെ അവളുടെ കുഞ്ഞ്‌..പറഞ്ഞ വില താനിപ്പോഴും കൊടുത്തിട്ടില്ല ...കൊടുത്താലേ തനിക്കതിനെ ഒന്ന് തൊടാന്‍ പോലും കിട്ടൂ ..ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ആദിയിരുന്നു .
"സാര്‍ എന്നെ എങ്ങോട്ടാ കൊണ്ട് പോണേ ..?"
"അടുത്ത സ്റ്റോപ്പ്‌ വരെ ..വണ്ടി അവിടെയാ..അവിടുന്ന്‍ നിനക്ക് മടങ്ങിപ്പോരാം .."
അവള്‍ തലയാട്ടി ..മുറുക്കാന്‍ തിന്നു ചുണ്ടുകള്‍ പൊട്ടിത്തകര്‍ന്ന അവളുടെ സൌന്ദര്യം അയാളെ  വല്ലാതെ അലോരസപ്പെടുത്തി.. അഴുക്കു നിറഞ്ഞ കവിളുകള്‍ കറുത്ത കഴുത്ത്‌,മഞ്ഞ കലര്‍ന്ന പല്ല് ..എല്ലാം ആദിയെ  അസ്വസ്ഥനാക്കുന്നുണ്ട് ..
"നിന്റെ ഭര്‍ത്താവ് ...?"
"എനിക്ക് ഭാര്ത്താവില്ല..!"
അവള്‍ കട്ടിയോടെ പറഞ്ഞു 
"അപ്പോള്‍  ഈ കുഞ്ഞ്‌ ..നിന്റേതു തന്നെ അല്ലെ ..?"
"അല്ല..എനിക്ക് എവിടുന്നോ കിട്ടിയതാ ..പക്ഷെ എന്റേത് തന്നെ .."
അറിയാതെ എവിടുന്നോ മനസ്സില്‍ സമാധാനം കുടിയേറി ..
"ഹാവൂ.."
എവിടയോ ആര്‍ക്കോ പിറന്ന കുഞ്ഞ്‌  , ചിലപ്പോ നല്ല കുടുംബത്തിലേതാവാം  , എന്തായാലും അവളുടേതല്ല ..അവള്‍ പ്രസവിച്ച്താണെങ്കില്‍ ..അവള്‍ വില്‍ക്കുമോ . ഒരിക്കലുമില്ല.
"എത്താറായി..എണീറ്റോളൂ.."
"സാര്‍ പൈസ താ ..ഞാങ്ങോട്ടില്ല..കുഞ്ഞിനെ എടുത്തോ .."
കീശയില്‍ നിന്നും ഒരു കെട്ട് പണം അവള്‍ക്ക്‌ കൊടുത്തു 'അറപ്പോടെ'അവളില്‍ നിന്നും ആദി  കുഞ്ഞിനെ വാങ്ങി .. ഇറങ്ങാനായി നടന്നു, ചുണ്ടുകള്‍ വിടര്‍ത്തി അവള്‍ കാശ് എണ്ണുകയാണ്. ആ തിരക്കിനിടയിലൂടെ ആദി കുഞ്ഞിനേയും  കൊണ്ട്   നടന്നകന്നു. ട്രെയിന്‍ നീങ്ങി തുടങ്ങിയിരിക്കുന്നു , ജാനകിക്ക് അവളുടെ  ഒരമ്മയെ  നഷ്ട്ടപെട്ടുവോ..?
 ആദി പിന്നെ പിറകോട്ടു തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നു ,റോഡരികില്‍ നിര്‍ത്തിയിട്ട തന്റെ കാറില്‍ കുഞ്ഞിനേയും വെച്ച് വണ്ടി വേഗതയിലോടിച്ചു,ദൂരേക്ക്‌ പഞ്ഞകന്ന ട്രെയിനിന്റെ ചെറിയ ശബ്ദം അപ്പോഴും ആദിക്കനുഭവപെട്ടു ഒന്നുമറിയാതെ 'തന്റെ കുഞ്ഞ്‌ 'ഉറങ്ങുന്നതവന്‍ ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു ഒരാഗ്രഹത്തിന്റെയോ  അല്ലെങ്കില്‍ നേടിയെടുക്കലിന്റെയോ സംതൃപ്തി ആദിയുടെ  മുഖത്ത് തിളങ്ങി നിന്നു
      (തുടരും)
 .........